“അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടില്‍ തന്നെ ഇരിക്കണം”: കുട്ടികള്‍ക്ക് ഉപദേശവുമായി തൃശൂര്‍ ജില്ലാകളക്ടര്‍

Spread the love

കനത്ത മ‍ഴ പെയ്യുന്ന സാഹചര്യങ്ങളില്‍ അവധി പ്രഖ്യാപിച്ച് കളക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ വരുന്നത് പതിവാണ്. എന്നാല്‍ അവധിക്കൊപ്പം കൊച്ചുകുട്ടികള്‍ക്ക് ഉപദേശം പതിവല്ല. ജില്ലയില്‍ മ‍ഴ കനത്ത സാഹചാര്യത്തില്‍ ബുധനാ‍ഴ്ച അവധി പ്രഖ്യാപിക്കുമ്പോ‍ഴാണ് തൃശൂര്‍ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ  കുട്ടികളെ ഉപദേശിച്ച് രംഗത്തെത്തിയത്.

അവധിയാണെന്ന് കരുതി കുട്ടികളാരും തന്നെ മഴയത്ത് കളിക്കാനോ വെള്ളത്തില്‍ ഇറങ്ങാനോ ഒന്നും നിക്കരുതെന്നും പുഴയിലൊക്കെ വെള്ളം കൂടുതലാണെന്നും കളക്ടര്‍ കുട്ടികളെ ഉപദേശിച്ചു.അച്ഛനും അമ്മയും പറയുന്നത് കേട്ട് വീട്ടില്‍ തന്നെ ഇരിക്കണം. മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുതെന്നും കളക്ടര്‍ പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍  കൃഷ്ണതേജ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

തൃശൂരിന് പുറമെ എറണാകുളം, കോട്ടയം, കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ് ജില്ലയില്‍ പ്രൊഫഷണൽ കൊളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. കണ്ണൂർ സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.മഴയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവരങ്ങൾ അറിയുന്നതിനും അറിയിക്കുന്നതിനും ഹെല്പ് ഡെസ്ക്കുകൾ ആരംഭിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂളുകൾ, എ ഇ ഒ, ഡി ഇ ഒ, ഡി ഡി, ഡി ജി ഇ ഓഫീസുകളിൽ ആണ് ഹെല്പ് ഡെസ്ക്കുകൾ സ്ഥാപിക്കേണ്ടത്. ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെട്ട നമ്പറുകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രാപ്യമായ രീതിയിൽ പ്രദർശിപ്പിക്കണം. രാവിലെ 8 മണി മുതൽ സ്കൂൾ അവസാനിക്കുന്നത് വരെ ഹെല്പ് ഡെസ്ക്കുകൾ പ്രവർത്തിക്കണം.

Leave a Reply

Your email address will not be published.