അച്ചടി നിര്‍ത്തി ഓണ്‍ലൈനാകാന്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള പത്രം

Spread the love

അച്ചടി നിര്‍ത്തി ഓണ്‍ലൈനാകാന്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള പത്രം. ഓസ്ട്രിയയിലെ വീനര്‍ സേതുങ്ങാണ് 320 വര്‍ഷത്തെ അച്ചടിമഷി പാരമ്പര്യം അവസാനിപ്പിക്കുന്നത്. പത്രം അച്ചടിച്ച് ഇറക്കുന്നത് ലാഭകരമല്ലെന്ന കണ്ടെത്തലില്‍ എത്തിനില്‍ക്കുകയാണ് ഈ സര്‍ക്കാര്‍ പത്രം.

പൊതുപ്രഖ്യാപനങ്ങള്‍ ഔദ്യോഗികമായി നടത്താന്‍ ഓസ്ട്രിയയിലെ എല്ലാ സംവിധാനങ്ങളും അച്ചടിയെ ആശ്രയിക്കണമെന്ന നിയമത്തില്‍ അച്ചടി സാധ്യത കണ്ടെത്തി തുടരുകയായിരുന്നു ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ ഈ ഒഫീഷ്യല്‍ ഗസറ്റ്. നിയമം മൂലം സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ വീനര്‍ സേതുങ് എന്ന പത്രമാധ്യമത്തെ ആശ്രയിച്ചേ മതിയാകുമായിരുന്നുള്ളു. ഓസ്ട്രിയ ഭരിക്കുന്ന രാഷ്ട്രീയ മുന്നണി ഈ നിയമം മാറ്റാനുള്ള തീരുമാനം കഴിഞ്ഞ ഏപ്രിലില്‍ എടുത്തതോടെയാണ് പത്രത്തിന്റെ അച്ചടിസാധ്യതയ്ക്ക് അധോഗതി ഉണ്ടായത്. പത്രം അച്ചടിച്ചിറക്കുക എന്നത് ലാഭകരമല്ല എന്ന വിലയിരുത്തല്‍ കൂടി ഉണ്ടായതോടെ പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ മതിയെന്ന തീരുമാനത്തിലെത്തുകയാണ് പത്ര മാനേജ്‌മെന്റ്.

1703 മുതല്‍ അച്ചടിച്ചു പുറത്തിറങ്ങിയിരുന്ന പത്രത്തിന്റെ ഉടമ പിന്നീട് സര്‍ക്കാരായെങ്കിലും ഭരണകൂട ഇടപെടല്‍ ഉണ്ടായിരുന്നത് അച്ചടിക്കേണ്ടിയിരുന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ മാത്രം. പത്രത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് എക്കാലവും സ്വതന്ത്രമായിരുന്നുവെന്നത് ഓസ്ട്രിയന്‍ ജനതയുടെ സാക്ഷ്യം. പിന്നിട്ട കാലവും രാഷ്ട്രീയവും വ്യക്തമാക്കുന്നതാണ് പത്രത്തിന്റെ പ്രിന്റ് എഡിഷന്റെ ഫൈനല്‍ ഫ്രണ്ട് പേജ്. 320 വര്‍ഷം കൊണ്ട് ഈ പത്രം മഷി പുരട്ടി ജനത്തിന്റെ മുന്നിലെത്തിച്ചത് മനുഷ്യ ചരിത്രത്തിന്റെ ഇന്‍വെര്‍ട്ടഡ് പിരമിഡ്. പിന്നിട്ട കാലം 12 പ്രസിഡന്റുമാര്‍ക്കും 10 ചക്രവര്‍ത്തിമാര്‍ക്കും രണ്ട് റിപ്പബ്ലിക്കുകള്‍ക്കും കൂടി സ്വന്തം. വീനര്‍ സേതൂങ് അച്ചടി നിര്‍ത്തി ഓണ്‍ലൈന്‍ ആകുന്നതോടെ ഏറ്റവും പഴയ പത്രമായി മാറുന്നത് ഹില്‍ദഷീം എന്ന ജര്‍മന്‍ പത്രം.

Leave a Reply

Your email address will not be published.