അക്ബര്‍-സീത സിംഹ വിവാദം; സീതയുടെ പേര് മാറ്റുമോ? വിചിത്ര ഹര്‍ജി ഇന്ന് പരിഗണിക്കും

Spread the love

കൊല്‍ക്കത്ത: സിലിഗുഡി സഫാരി പാർക്കില്‍ അക്ബർ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച്‌ പാർപ്പിക്കാനുള്ള വനം വകുപ്പ് തീരുമാനത്തിനെതിരെ വിശ്വഹിന്ദുപരിഷത്തിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും.

കല്‍ക്കട്ട ഹൈക്കോടതിയിലെ ജല്‍പായ്ഗുഡിയിലെ സർക്യൂട്ട് ബെഞ്ചിലാണ് ഹർജി പരിഗണിക്കുക. സീത എന്ന സിംഹത്തിന്റെ്‌ പേര് മാറ്റണമെന്ന അപേക്ഷയും കോടതി പരിഗണിക്കും.

നടപടി ഹിന്ദുമതത്തെ അപമാനിക്കുന്നതെന്നാണ് വിഎച്ച്‌പിയുടെ ഹ‍ർജിയിലെ വാദം. ഫെബ്രുവരി 16 നാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പൈഗുരി ബെഞ്ചിന് മുന്നില്‍ വിചിത്ര ഹർജി എത്തിയത്. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി. അക്ബര്‍ സിംഹത്തെയും സീത സിംഹത്തെയും ഒന്നിച്ച്‌ താമസിപ്പിക്കുന്ന വനംവകുപ്പ് നടപടി എല്ലാ ഹിന്ദുക്കളുടെയും മതവിശ്വാസങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും മതനിന്ദയായി കണക്കാക്കാമെന്നും വിഎച്ച്‌പി ഹർജിയില്‍ വ്യക്തമാക്കി.

‘ശ്രീരാമൻ്റെ ഭാര്യയായ ‘സീത’ ലോകമെമ്ബാടുമുള്ള എല്ലാ ഹിന്ദുക്കള്‍ക്കും ഒരു വിശുദ്ധ ദേവതയാണെന്നും പൂച്ച വര്‍ഗത്തില്‍ പെട്ട ഒരു ജീവിക്ക് ആ പേര് നല്‍കിയത് വിശ്വഹിന്ദു പരിഷത്ത് അഗാധമായ വേദനയോടെ നിരീക്ഷിച്ചു. അത്തരം പ്രവൃത്തി ദൈവനിന്ദക്ക് തുല്യമാണ്, അത് എല്ലാ ഹിന്ദുക്കളുടെയും മതവിശ്വാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്,’ ഹർജിയില്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി 14ന് ഉത്തര്‍ ബംഗ സംബദ് എന്ന പത്രത്തില്‍ ‘പങ്കാളിയെ തേടി അസ്വസ്ഥയായ സീത’ എന്ന തലക്കെട്ടോടെ ഒരു വാർത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തയില്‍ ആണ്‍സിംഹത്തിന് ‘അക്ബര്‍’ എന്ന് പേര് നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടതോടെ വിഎച്ച്‌പി വനംവകുപ്പിന് നേരെ തിരിഞ്ഞു. പെണ്‍സിംഹത്തിന് നല്‍കിയ ‘സീത’ എന്ന പേര് മാറ്റണമെന്നും വിഎച്ച്‌പി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.