അക്കാര്യം തെളിഞ്ഞാല്‍ ബിഗ് ബോസ് ഷോ നിര്‍ത്തിവെപ്പിക്കും: ഇടപെട്ട് കോടതി, ഉള്ളടക്കം പരിശോധിക്കും

Spread the love

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറെ നാടകീയതകള്‍ നിറഞ്ഞ സംഭവമായിരുന്നു അസി റോക്കി സിജോയെ ആക്രമിച്ചത്. വാക്കുതർക്കത്തിനിടെ അസി റോക്കി സിജോയുടെ മുഖത്ത് ശക്തിയില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ സിജോ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. അസി റോക്കിയെ അന്ന് തന്നെ ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

ഈ വിഷയത്തില്‍ അസി റോക്കിക്കെതിരെ കേസ് കൊടുക്കണമെന്ന് ഒരു വിഭാഗം പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നെങ്കിലും എനിക്ക് യാതൊരു പരാതിയും ഇല്ലെന്നായിരുന്നു സിജോയുടെ പ്രതികരണം. പക്ഷെ അസി റോക്കി – സിജോ വിഷയം കോടതി കയറുന്നതും പിന്നീട് കണ്ടു. ബിഗ് ബോസ് സംപ്രേഷണ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയുമായി അഭിഭാഷകനായ ആദർശ് എസ് കോടതിയെ സമീപിക്കുകയായിരുന്നു.

കോടതിക്ക് പുറമെ പൊലീസിനും കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനും ആദർശ് പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ ഈ പരാതിയില്‍ കോടതിയുടെ നടപടി ഉണ്ടായിരിക്കുകയാണ്. ബിഗ്ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഷോയില്‍ നിയമവിരുദ്ധതയുണ്ടെങ്കില്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നടപടിയെടുക്കാം. പരിപാടിയില്‍ ശാരീരിക ഉപദ്രവം അടക്കമുള്ള നിയമവിരുദ്ധതയുണ്ടോയെന്ന് പരിശോധിക്കും. ലംഘനം കണ്ടെത്തിയാല്‍ പരിപാടി നിര്‍ത്തിവയ്പ്പിക്കാമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖും ജഎം എ അബ്ദുള്‍ ഹക്കിമും പരാതി പരിഗണിച്ചുകൊണ്ട് വ്യക്തമാക്കി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 320, 325 വകുപ്പുകള്‍ പ്രകാരം അസി റോക്കിയുടെ പ്രവർത്തനങ്ങള്‍ കുറ്റകരമായ നടപടിയാണ്. മാത്രവുമല്ല ഈ മർദ്ദന രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്തലിലൂടെ ഏഷ്യാനെറ്റ് ചാനല്‍ കേബിള്‍ ടെലിവിഷൻ നെറ്റ്‌വർക്കുകള്‍ (റെഗുലേഷൻ) ആക്‌ട് – 1995, ദി സിനിമാറ്റോഗ്രാഫ് ആക്‌ട് – 1952 എന്നിവയില്‍ പറഞ്ഞിരിക്കുന്ന പ്രോഗ്രാം കോഡിൻ്റെ ലംഘിക്കുകയും ചെയ്തു. കൂടാതെ, ഈ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രമോഷന് വേണ്ടി ഏഷ്യാനെറ്റ് പ്രചരിപ്പിക്കുകയും ചെയ്തു. ഇതെല്ലാം ചട്ട വിരുദ്ധമാണെന്നും ആദർശ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

ആരോപണവിധേയമായ ഇത്തരം നിയമ ലംഘനങ്ങളില്‍ പ്രോഗ്രാമിൻ്റെ അവതാരകനും ചലച്ചിത്ര നടനുമായ മോഹൻലാലിൻ്റെ പങ്കാളിത്തവും വളരെ പ്രധാനമാണ്. കുട്ടികള്‍ ഉള്‍പ്പെടെ വിവിധ പ്രായത്തിലുള്ള വ്യക്തികള്‍ കാണുന്ന ഒരു ടെലിവിഷന്‍ എന്ന നിലയില്‍ അത്തരം വിവാദപരമായ ഉള്ളടക്കത്തിൻ്റെ നിർമ്മാണവും സംപ്രേക്ഷണവും സാധാരണ പ്രേക്ഷകർക്ക് അനുയോജ്യമായ കാര്യമല്ല.

പരിപാടി സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ്, മാതൃ കമ്ബനിയായ ഡിസ്നി സ്റ്റാർ, അവതാരകൻ മോഹൻലാല്‍ അസി റോക്കി എന്നിവർക്കെതിരേയും നടപടി വേണം. ഈ പ്രോഗ്രാം ഇനി സംപ്രേക്ഷണം ചെയ്യാന്‍ പാടില്ല. വലിയ നിയമ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഏത് വലിയ ഗ്രൂപ്പാണ് ഇതിന് പിന്നില്‍ എന്ന് പറഞ്ഞിട്ടും കാര്യമില്ല. നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം. ആര് നിയമവിരുദ്ധത നടപടി സ്വീകരിച്ചാലും നടപടി വേണമെന്നും അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.