അംബാനിയുമായി മത്സരിക്കാനുള്ള അദാനിയുടെ നീക്കത്തിന് തിരിച്ചടി..

Spread the love

രാജ്യത്ത് ഏറ്റവും കൂടുതല്‍ പിവിസി ഉത്പാദിപ്പിച്ച് അംബാനിയുമായി മത്സരിക്കാനുള്ള അദാനിയന്‍ നീക്കത്തിന് തിരിച്ചടി. കല്‍ക്കരിയില്‍ നിന്ന് പിവിസി ഉല്പാദിപ്പിക്കുന്ന 35,000 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് പിന്മാറി അദാനി ഗ്രൂപ്പ്.  14000 കോടി രൂപ പദ്ധതിക്കായി വായ്പ തരപ്പെടുത്താന്‍ കഴിയാത്തതിനാലാണ് പിന്മാറ്റം.

പെട്രോളിയത്തേക്കാള്‍ കുറഞ്ഞ ചെലവില്‍ കള്‍ക്കരിയില്‍ നിന്ന് പോളി വിനൈല്‍ ക്ലോറൈഡ് ഉല്പാദിപ്പിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതിയാണ് ലക്ഷ്യം തൊടാതെ അവസാനിപ്പിക്കുന്നത്. കല്‍ക്കരി മേഖലയിലെ സമഗ്രാധിപത്യം ഉപയോഗിച്ച് പിവിസി ഉല്‍പാദനത്തിനും ഒന്നാമതെത്തുകയായിരുന്നു അദാനിയുടെ ലക്ഷ്യം. 35,000 കോടി ചെലവ് പ്രതീക്ഷിച്ച പദ്ധതിയില്‍ പതിനാലായിരം കോടിയും വായ്പയിലൂടെ കണ്ടെത്താനായിരുന്നു നീക്കം. എന്നാല്‍ ഓഹരി വിപണിയില്‍ നേരിട്ട തകര്‍ച്ച വായ്പാസമാഹരണത്തിലും തടസ്സമായതോടെ ഗത്യന്തരമില്ലാതെ പദ്ധതിയില്‍ നിന്ന് പിന്മാറുക മാത്രമായിരുന്നു പോംവഴി.

പ്രതിവര്‍ഷം ഇന്ത്യയില്‍ 35 ലക്ഷം ടണ്‍ ആവശ്യമുള്ള പിവിസിയുടെ പ്രധാന ഉല്‍പാദകര്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ആണ്. ആഭ്യന്തര ആവശ്യത്തിന്റെ പകുതിയും റിലയന്‍സ് ഉത്പാദിപ്പിക്കുമ്പോള്‍ കെംപ്ലാസ്റ്റ് ആണ് രണ്ടാം സ്ഥാനക്കാര്‍. 20 ലക്ഷം ടണ്‍ ഉല്പാദനശേഷി നേടി മേഖലയിലെ അംബാനിയുടെ കുത്തക തകര്‍ക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം. എന്നാല്‍ പിറവിയെടുക്കും മുമ്പ് ചരമം പ്രാപിക്കുകയാണ് അദാനിയുടെ സ്വപ്ന പദ്ധതി. ഒപ്പം, അംബാനിയെ തോല്‍പ്പിച്ച് എല്ലാ മേഖലയിലും വിജയം കൈവരിക്കാം എന്ന ആഗ്രഹവും.

Leave a Reply

Your email address will not be published.